District News
കഴക്കൂട്ടം: റോഡ് ടാറിംഗുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സ്ത്രീയെ ലൈംഗികമായി അധിക്ഷേപിക്കുകയും തടയാനെത്തിയവർക്ക് നേരെ കല്ലുകൊണ്ട് ആക്രമണം നടത്തുകയും ചെയ്ത സംഭവത്തിലെ ഒന്നാം പ്രതി നിരവധി കേസുകളിൽ പെട്ട വിജയകുമാറിനെ (ബോംബെ കുമാർ) ഇന്നലെ കേരള-കർണാടക അതിർത്തിയിൽനിന്ന് അറസ്റ്റ് ചെയ്തതായി സൂചന. സംഭവത്തിനു ശേഷം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഒളിവിൽ തന്നെ കഴിയവേയാണ് പിടിയിലായെന്ന് സൂചന.
ജൂലൈ 22-ന് രാത്രി ആനന്ദേശ്വരം പൗർണമി ഗാർഡൻസ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റിന്റെ വീടിന് മുൻവശത്തുവച്ചായിരുന്നു സംഭവം നടന്നത്. ഒന്നാം പ്രതിയുടെ ഉടമസ്ഥതയിലുള്ള റോഡ് ടാർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അസോസിയേഷൻ പ്രസിഡന്റ് ശ്യാംസുന്ദറിന്റെ വീട്ടിനു മുന്നിൽ നിൽക്കുകയായിരുന്ന പരാതിക്കാരിക്കുനേരെ പ്രതി ലൈംഗികാക്രമണം നടത്തുകയായിരുന്നു. തടയാൻ ശ്രമിച്ച അസോസിയേഷൻ പ്രസിഡന്റിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും തുടർന്ന് ശ്രീകാന്ത്, ഋർഷികേശൻ എന്നിവരെയും മർദിയ്ക്കുകയായിരുന്നു.
District News
കുമരകം: തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്നിന്നു മുങ്ങിയ മധ്യവയസ്കനെ കുമരകം പൊലിസ് പിടികൂടി തൃശൂര് വെസ്റ്റ് പൊലിസിനു കൈമാറി. തൃശൂര് സ്വദേശി ബാദുഷ (44)യാണ് പിടിയിലായത്. ഇന്നലെ രാവിലെ വിനോദ സഞ്ചാരികള് എത്തുന്ന കോട്ടയം മലരിക്കലില്നിന്നാണ് ഇയാളെ കുമരകം പൊലിസ് പിടികൂടിയത്.
രാവിലെ മലരിക്കലിലെത്തിയ ബാദുഷ ഇവിടെനിന്ന് ഒരു വള്ളം തട്ടിയെടുത്ത് ആമ്പല്പാടത്തുകൂടി യാത്ര ചെയ്യാന് ശ്രമം നടത്തി. ഇതു കണ്ട പ്രദേശവാസികള് ഇയാളെ തടഞ്ഞുവച്ചശേഷം വിവരം കുമരകം പൊലിസില് അറിയിച്ചു. ഇതോടെ സിഐ പ്രസാദ് ഏബ്രഹാം വര്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് കാര്യങ്ങള് ബോധ്യപ്പെട്ടത്.
ഇയാള് ദിവസങ്ങള്ക്കു മുമ്പു തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില് ചികിത്സയില് കഴിയുന്നതിനിടിയില് അവിടെനിന്നു മുങ്ങിയതാണ്. ബാദുഷായെ കാണാതായതുമായി ബന്ധപ്പെട്ട് തൃശൂര് സ്റ്റേഷനില് കേസും രജിസ്റ്റര് ചെയ്തിട്ടുണ്ട്. കുമരകം പൊലിസ് കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്നലെ വൈകുന്നേരത്തോടെ തൃശൂരില്നിന്നുള്ള പൊലിസ് സംഘത്തിനു കൈമാറി.
Kerala
കൊച്ചി: ചാക്കില് കെട്ടിയ പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞയാള് പൊലിസ് പിടിയില്. മുളവുകാട് സ്വദേശി ജോസഫ് ഡോ റേവ് (63) ആണ് പിടിയിലായത്.
മുളവുകാട് പൊലീസ് പട്രോളിംഗിനിടെ പ്രതിയെ പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ ആറിന് നോര്ത്ത് മുളവുകാട് ഭാഗത്ത് കണ്ടെയ്നര് റോഡിലാണ് ഇയാള് മാലിന്യം വലിച്ചെറിഞ്ഞത്. കേസ് എടുത്ത ശേഷം ജാമ്യത്തില് വിട്ടയച്ചു.
Kerala
തിരുവനന്തപുരം: വെങ്ങാനൂരില് ഓടിക്കൊണ്ടിരുന്ന കാര് കത്തിനശിച്ചു. കാറിനിലുള്ളില് ഒരാളെ കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തിയിട്ടുണ്ട്. ഫയര്ഫോഴ്സ് സ്ഥലത്തെത്തി തീ പൂര്ണമായും കെടുത്തി.
ഇന്ന് പുലര്ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. വെങ്ങാനൂര് അയ്യങ്കാളി പ്രതിമയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.
കത്തിയമര്ന്ന കാറ് ടൈറ്റസ് കുര്യന് എന്ന ആളുടെ ഉടമസ്ഥതിയിലുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. KL 05 AV 3686 എന്ന നമ്പറില് ഉള്ള കാറാണ് അപകടത്തില്പ്പെട്ടത്. കോട്ടയം ഏറ്റുമാനൂര് ഭാഗത്താണ് വാഹം രജിസ്റ്റര് ചെയ്തിരിക്കുന്നത്.
District News
താമരശേരി: മലപുറം ജുമാ മസ്ജിദ് പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാർ മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. ബാലുശേരി സ്വദേശി ഇരൂൾക്കുന്നുമ്മൽ യാസിർ (29) ആണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
മസ്ജിദിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ മോഷ്ടിക്കാനാണ് ശ്രമം നടന്നത്. പള്ളി പരിസരത്ത് സംശയാസ്പദമായി ചുറ്റിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ ജിംനേഷ്യത്തിലെ യുവാക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ താമരശേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയിൽ നിന്ന് ഒരു സ്ക്രൂ ഡ്രൈവർ, നാല് സിം കാർഡുകൾ, രണ്ട് മൊബൈൽ ഫോണുകൾ, ഒരു കാറിന്റെ താക്കോൽ എന്നിവ കണ്ടെത്തി. അങ്കമാലി, മെഡിക്കൽ കോളജ്, ചേവായൂർ, വടകര, തൊട്ടിൽപ്പാലം, കൊയിലാണ്ടി, തിരൂർ, മാനന്തവാടി, പയ്യന്നൂർ തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ വിവിധ കേസുകൾ നിലവിലുണ്ട്.
District News
പരവൂര്: ക്ഷേത്രത്തില് മോഷണം നടത്തുന്നതിനിടയില് മോഷ്ടാക്കള് പിടിയില്. നൈറ്റ് പെട്രോളിംഗ് നടത്തുന്ന പോലീസ് സംഘമാണ് മോഷ്ടാാക്കളെ പിടികൂടിയത്. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ അശ്വിന്, ഡോണ് സണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരവൂര് പുഞ്ചിറക്കുളം ദുര്ഗാദേവി ക്ഷേത്രത്തില് മോഷണം നടത്തുന്നതിനിടയിലാണ് പ്രതികള് പിടിയിലായത്. നഗരത്തിലെ എസ്എന്വി ഗേള്സ് ഹൈസ്കൂളില് മോഷണശ്രമം നടത്തിയ ശേഷമാണ് ക്ഷേത്രത്തിലെത്തിയത്.
പ്രതിയായ അശ്വിന് കഴിഞ്ഞ ആറു മാസക്കാലമായി പരവൂരിലെ ഒരു വെജിറ്റേറിയന് ഹോട്ടലില് ജോലി ചെയ്തു വരികയാണ്. ജോലിക്കു ശേഷം രാത്രികാലങ്ങളില് പ്രദേശങ്ങളില് കറങ്ങി നടന്ന് നിരീക്ഷണം നടത്തി മോഷണം ആസൂത്രണം ചെയ്യും. ശേഷം കൂട്ടാളിയായ ഡോണ് സണ്ണിയെ വരുത്തി രണ്ടു പേരും ചേര്ന്ന് മോഷണം നടത്തുന്നതായിരുന്നു പരിപാടി. ഇത്തരത്തില് മോഷണം നടത്തുന്നതിനായി ഡോണ് കഴിഞ്ഞ ദിവസം പരവൂരിലെത്തുകയും ഇരുവരും ചേര്ന്ന് കൂനയില് ആയിരവില്ലി ക്ഷേത്രത്തിനു സമീപത്തെ വീട്ടില് നിന്നും ബൈക്ക് മോഷ്ടിച്ചിരുന്നു. ഈ കേസില് ജില്ലാ പോലീസ് മേധാവി ഹേമലതയുടെ നിര്ദേശാനുസരണം ചാത്തന്നൂര് എസിപി രാകേഷിന്റെ നേതൃത്വത്തില് നടത്തിയ പരിശോധനയിലാണ് ഇവര് പിടിയിലാകുന്നത്.
ഏതാനും മാസങ്ങള്ക്കു മുന്പും പരവൂരില് നടന്ന മോഷണങ്ങളിലും ഇവര്ക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൊട്ടിയം ചാത്തന്നൂര് പാരിപ്പള്ളി സ്റ്റേഷന് പരിധികളിലും മുന്പ് നടന്ന മോഷണക്കേസുകളിലും ഇവര് പ്രതികളാണോ എന്നുള്ളത് പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. പ്രതികളെ തെളിവെടുപ്പിനും ആരോഗ്യ പരിശോധനകള്ക്കും ശേഷം കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
District News
അഞ്ചല് : ഓണത്തിരക്കിനിടെ മുക്കുപണ്ടം വച്ച ശേഷം സ്വര്ണാഭരണം എടുത്ത് ഓടിയയാളെ നാട്ടുകാരും വ്യാപാരികളും ഓടിച്ചിട്ട് പിടികൂടി. നെടുമങ്ങാട് തസ്നി മന്സിലില് സുലൈമാന് (52) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ അഞ്ചല് ചന്തമുക്കിലായിരുന്നു സംഭവം.
ചന്തമുക്കില് പ്രവര്ത്തിക്കുന്ന ജ്വല്ലറിയില് എത്തിയ സുലൈമാന് മുക്കുപണ്ടം വച്ച ശേഷം ഈ തൂക്കത്തിനുള്ള സ്വര്ണം വേണമെന്ന് ആവശ്യപ്പെടുകയും ഉടമ മോതിരം എടുത്തു നല്കുകയും ചെയ്തു. സ്വര്ണ മോതിരം കൈയില് കിട്ടിയതോടെ എടിഎമ്മില് നിന്ന് പണം എടുത്തുകൊണ്ടുവരാമെന്നു പറഞ്ഞ് സുലൈമാന് പുറത്തേക്കിറങ്ങുകയായിരുന്നു.
ഇതില് സംശയം തോന്നിയ കടയുടമ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് ഇയാള് ജ്വല്ലറിയില് നല്കിയിരിക്കുന്നത് മുക്കുപണ്ടം ആണെന്ന് കണ്ടെത്തുന്നത്. ഉടന് അഞ്ചല് പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി സുലൈമാനെ കസ്റ്റഡിയില് എടുക്കുകയുമായിരുന്നു.
മദ്യലഹരിയാലാകാം സുലൈമാന് ഇത് ചെയ്തതെന്ന് ആദ്യം സംശയിച്ച പോലീസ് പിന്നീട് നടത്തിയ അന്വേഷണത്തില് ഇയാള് ഇരുപതോളം മോഷണ കേസുകളില് പ്രതിയാണെന്നു കണ്ടെത്തുകയായിരുന്നു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനയും തെളിവെടുപ്പുകളും പൂര്ത്തിയാക്കി കോടതിയില് ഹാജരാക്കി റിമാന്ഡ്് ചെയ്തു.
Kerala
കൊച്ചി: രണ്ട് ഗ്രാം കഞ്ചാവുമായി 18കാരന് പിടിയില്. പറവൂര് കാഞ്ഞിരപ്പറമ്പില് അഭിനവ് ആണ് പോലിസിന്റെ പിടിയിലായത്.
ശനിയാഴ്ച പുലര്ച്ചെ ചെറായി ഭാഗത്ത് വച്ച് മുനമ്പം പോലിസ് ആണ് കസ്റ്റഡിയിലെടുത്തത്. കേസ് എടുത്ത ശേഷം ജാമ്യത്തില് വിട്ടയച്ചു
Kerala
കൊച്ചി: നിരോധിത പുകയില ഉല്പ്പന്നമായ 61 പാക്കറ്റ് ഹാന്സുമായി യുവാവ് പിടിയില്. പള്ളുരുത്തി പെരുമ്പടപ്പ് കുഴിക്കണ്ടത്തില് നവാസ് ആണ് ഞാറക്കല് പോലിസിന്റെ പിടിയിലായത്.
ശനിയാഴ്ച രാവിലെ വാഹന പരിശോധനക്കിടെ കാള മുക്കില് വച്ചാണ് നവാസ് പിടിയിലായത്. ഇയാള് സഞ്ചരിച്ചിരുന്ന സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസ് എടുത്ത ശേഷം ജാമ്യത്തില് വിട്ടയച്ചു.
District News
പേരൂര്ക്കട: ബസ് യാത്രികന്റെ മൊബൈല് ഫോണും എടിഎമ്മും കവര്ന്നയാളെ തമ്പാനൂര് എസ്ഐ വി. സുനില്, എ.എസ്.ഐ ജിത്തുകുമാര്, ഗ്രേഡ് എസ്.ഐ ആല്ഫിന് ജോസ്, ഡ്രൈവര് രജിത്കുമാര് എന്നിവര് ചേര്ന്ന് ഓടിച്ചിട്ടു പിടികൂടി. കോട്ടയം മീനച്ചല് കുറവിലങ്ങാട് സ്വദേശി ജയന് എന്നുവിളിക്കുന്ന ജയ്മോന് (51) ആണ് പിടിയിലായത്. ഏഴിന് വൈകുന്നേരം 6.30നു തമ്പാനൂരിലാണ് സംഭവം.
ബസ് കയറുകയായിരുന്ന മുട്ടത്തറ കമലേശ്വരം പൂവക്കാട് തോപ്പുവീട്ടില് സതീശന്റെ സാംസംഗ് ഫോണും ഒരു എടിഎമ്മുമാണ് പ്രതി കവര്ന്നത്. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ തമ്പാനൂര് പരിസരത്തുനിന്ന് ഇയാളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.
പ്രതി ഇതേദിവസം മൂന്നു കവര്ച്ചകള് നടത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ ഒരുദ്യോഗസ്ഥന്റെ മൊബൈല് ഫോണും നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനിലെ സിപിഒയുടെ പിതാവിന്റെ മൊബൈല് ഫോണും ഇതുകൂടാതെ ബസ് കാത്തുനില്ക്കുകയായിരുന്ന ഒരാളുടെ പഴ്സും കവര്ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
Kerala
കൊച്ചി: നിശ്ചിത വരുമാനപരിധിക്കു പുറത്തുള്ള 86,000 കുടുംബങ്ങൾ മുൻഗണനാ റേഷൻകാർഡ് ഉടമകളുടെ (ബിപിഎൽ) പട്ടികയിൽനിന്നു പുറത്തേക്ക്. ആദായനികുതി റിട്ടേൺ സമർപ്പിച്ചവരുടെ രേഖകളിലെ സൂക്ഷ്മ പരിശോധനയിൽ ഉയർന്ന വരുമാനക്കാരെന്നു ബോധ്യപ്പെട്ട ബിപിഎൽ കാർഡ് ഉടമകളുടെ വിവരങ്ങൾ കേന്ദ്രം സംസ്ഥാനത്തിനു കൈമാറി.
സിവിൽ സപ്ലൈസ് വകുപ്പ് ഇവരെ ബിപിഎൽ പട്ടികയിൽനിന്നു നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അനർഹമായി കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങൾക്ക് ഇവർ പിഴയടയ്ക്കേണ്ടതായും വരും.
ബിപിഎൽ കാർഡിലുൾപ്പെട്ടവർ ആദായനികുതിദായകരോ പ്രതിമാസം 25,000 രൂപയോ (പ്രതിവർഷം മൂന്നു ലക്ഷം) അതിലധികമോ വരുമാനമുള്ളവരോ ആകരുതെന്നു ചട്ടമുണ്ട്. നാലുചക്ര വാഹനം, 0.40 ഹെക്ടറിലധികം ഭൂമി, 1000 ചതുരശ്ര അടി വിസ്തീർണത്തിലധികമുള്ള വീട് എന്നിവയുള്ളവരും ബിപിഎൽ കാർഡിലുൾപ്പെട്ടിട്ടുണ്ടെങ്കിൽ ചട്ടവിരുദ്ധമാണ്.
ജൂലൈ 31 വരെ സംസ്ഥാനത്തുനിന്ന് ആദായനികുതി റിട്ടേൺ സമർപ്പിച്ചവരിൽ 86,000 പേർ ബിപിഎൽ പട്ടികയിൽ അനർഹമായി ഉൾപ്പെട്ടവരാണെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. ബാങ്കിടപാടുകളും വസ്തുക്കളുടെയും വാഹനങ്ങളുടെയും രജിസ്ട്രേഷനും ആധാർ നന്പറുമായി ബന്ധിപ്പിച്ചതിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്. റേഷൻ കാർഡിലും പാൻ കാർഡിലും ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ട്. ഇക്കുറി എഐ സഹായത്തോടെയാണ് അനർഹരായ ബിപിഎൽ കാർഡുകാരെ കണ്ടെത്തിയത്.
സിവിൽ സപ്ലൈസ് വകുപ്പ് ഇത്രയും പേർക്ക് നോട്ടീസ് അയച്ചുതുടങ്ങി. ഇവരുടെ വിശദീകരണം കേട്ടശേഷം പിഴയീടാക്കലും മുൻഗണനാപട്ടികയിൽനിന്നു നീക്കം ചെയ്യലും ഉൾപ്പടെയുള്ള നടപടികളിലേക്കു കടക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചു.
പിഴ അരിക്ക് 40 രൂപ, ഗോതമ്പിന് 29
അർഹതയില്ലാതെ ബിപിഎൽ (എഎവൈ -മഞ്ഞ കാർഡ്, പിഎച്ച്എച്ച്- പിങ്ക്) റേഷൻ കാർഡ് ഉപയോഗിച്ചു സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റിയവരിൽനിന്ന് ഭക്ഷ്യവകുപ്പ് പിഴയീടാക്കും. അരി കിലോ 40 രൂപ, ഗോതമ്പ് 29 രൂപ എന്ന നിരക്കിലാണു പിഴ ഈടാക്കുക. സംസ്ഥാനത്ത് ആകെയുള്ള 95,90921 റേഷൻ കാർഡുടമകളിൽ 44,37422 ഉം എഎവൈ, പിഎച്ച്എച്ച് എന്നീ മുൻഗണനാ പട്ടികകളിലാണ്.
District News
നാദാപുരം: കുനിങ്ങാട് ടൗൺ കേന്ദ്രീകരിച്ച് വിദേശ മദ്യ വിൽപന നടത്തുകയായിരുന്ന യുവാവ് എക്സൈസ് പിടിയിൽ. മുതുവടത്തൂർ സ്വദേശി കാട്ടിൽ വീട്ടിൽ ജിതേഷ് (39) നെയാണ് വ്യാഴാഴ്ച രാത്രി എക്സൈസ് സംഘം പിടികൂടിയത്. പ്രതിയിൽ നിന്ന് വിൽപനക്ക് സൂക്ഷിച്ച രണ്ടര ലിറ്റർ മദ്യം അധികൃതർ പിടികൂടി.
പ്രിവന്റീവ് ഓഫീസർ എൻ.എം. ഉനൈസിന്റെ നേതൃത്വത്തിൽ കുനിങ്ങാട് തണ്ണീർപന്തൽ റോഡിൽ വച്ചാണ് പ്രതിയെ പിടികൂടിയത്.
Kerala
മലപ്പുറം: തിരൂർ കല്പകഞ്ചേരിയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കല്പകഞ്ചേരി കല്ലിങ്ങൽ സ്വദേശിയായ അത്തിക്കപ്പറമ്പിൽ സെയ്തലവിയുടെ മകൻ മുഹമ്മദ് ഹാഷിം (23) ആണ് പിടിയിലായത്.
ആൾട്ടോ കാറിൽ സൂക്ഷിച്ച കഞ്ചാവുമായായാണ് ഇയാളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം തിരൂർ ഡാൻസാഫ് ടീമും താനൂർ ഡാൻസാഫ് ടീമും കൽപകഞ്ചേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പ്രദേശത്ത് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള കല്പകഞ്ചേരി കേന്ദ്രീകരിച്ച് വില്പന നടത്താനുള്ളതാണ് കഞ്ചാവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. വൻതോതിൽ എംഡിഎംഎ കൈവശം വെച്ചതിന് ഇയാൾക്കെതിരെ മലപ്പുറം പോലീസ് സ്റ്റേഷനിലും കോട്ടക്കൽ പോലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. വിൽപ്പനയ്ക്കുള്ള കഞ്ചാവ് കൈവശം വെച്ചതിന് പാലക്കാട് എക്സൈസും ഇയാൾക്കെതിരെ മുൻപ് കേസെടുത്തിരുന്നു.
കഴിഞ്ഞദിവസം കുറ്റിപ്പുറത്ത് 500 ഗ്രാമോളം എംഡിഎംഎയുമായി പിടിയിലായ മുഫഷിർ മലപ്പുറത്ത് എംഡിഎംഎ പിടിച്ച സംഭവത്തിൽ ഹാഷിമിന്റെ കൂട്ടുപ്രതിയായിരുന്നു. നിരന്തരം പ്രദേശത്ത് ലഹരി വില്പന നടത്തുന്നതായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ അന്വേഷണത്തിൽ മനസ്സിലായതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷിച്ചാണ് കഴിഞ്ഞദിവസം ഇയാളെ പോലീസ് പിടികൂടിയത്. പിടികൂടിയ സമയം പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്.
സമീപകാലത്ത് പ്രദേശത്തുനിന്ന് പിടികൂടിയ ഏറ്റവും ഉയർന്ന അളവിലുള്ള കഞ്ചാവാണ് കല്പകഞ്ചേരിയിൽ കഴിഞ്ഞദിവസം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
വടക്കഞ്ചേരി: ആവേശംമൂത്ത് നിയമലംഘനങ്ങളുണ്ടായാൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ. വഴിയോരങ്ങളിലും മറ്റും ഫുട്ബോൾ ആരാധകർ ബോർഡുകൾ സ്ഥാപിക്കുമ്പോൾ സിഗരറ്റ്, ചുരുട്ട് തുടങ്ങിയ പുകയില ഉത്പന്നങ്ങൾ കടിച്ചുപിടിച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.
ഇങ്ങനെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതു നിയമവിരുദ്ധമാണ്. ഇത് പുകയില ഉത്പന്ന നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നു നോട്ടീസിൽ പറയുന്നു.
അതിനാൽ അത്തരം ബോർഡുകൾ അടിയന്തരമായി നീക്കംചെയ്യുകയും നിയമലംഘനം നടത്തിയവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ എന്നിവർക്കു നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ പോലീസിന്റെ സഹായത്തോടെ നിയമനടപടി സ്വീകരിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.
National
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനവും ഉജ്ജയ്നിൽ 168 ഏക്കർ സ്ഥലം വാങ്ങിക്കൂട്ടിയെന്ന റിപ്പോർട്ട് വിവാദമുയർത്തുന്നു.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും വിഷയത്തിൽ സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജിത്തു പട്വാരി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയായശേഷം മോഹൻ യാദവും കുടുംബവും വൻ തോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന് ഇന്ത്യൻ എക്സ്പ്രസ് ആണു റിപ്പോർട്ട് ചെയ്തത്. 2023 ഡിസംബറിനു ശേഷം യാദവിന്റെ കുടുംബം ഉജ്ജയ്നിൽ 45 കോടി രൂപ മുടക്കി 168 ഏക്കർ വരുന്ന 137 പ്ലോട്ടുകൾ വാങ്ങിയെന്നാണു റിപ്പോർട്ട്.
ഇവയിലേറെയും റോഡ് പദ്ധതികളുടെയും മറ്റു വികസന പദ്ധതികളുടെയും സമീപത്താണ്. മധ്യപ്രദേശ് സർക്കാർ ഉജ്ജയ്നിൽ വൻ വികസന പദ്ധതികൾ നടപ്പാക്കിവരികയാണ്. മുഖ്യമന്ത്രിയും കുടുംബവും വാങ്ങിക്കൂട്ടിയ ഭൂമി കോടികൾ വില മതിക്കുന്നതാണ്.
ഔദ്യോഗിക പദവി ഉപയോഗിച്ച് സർക്കാർ പദ്ധതികളെക്കുറിച്ച് മുൻകൂട്ടി ലഭിച്ച വിവരങ്ങൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി മുഖ്യമന്ത്രി ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണം.
മധ്യപ്രദേശിലെ ഭൂമി കുംഭകോണം എന്തുകൊണ്ടാണ് ഇഡിയും സിബിഐയും അന്വേഷിക്കാത്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഭാര്യ സീമ യാദവ്, സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ എന്നിവർ നേരിട്ടും റിയൽ എസ്റ്റേറ്റ് കന്പനികൾ വഴിയും ഇടപാടുകൾ നടത്തിയെന്നാണ് റിപ്പോർട്ട്.
മോഹൻ യാദവിന്റെ കുടുംബത്തിനുണ്ടായിരുന്ന 100 ഏക്കർ ഭൂമി എങ്ങനെയാണ് 335 ഏക്കറായി വർധിച്ചതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജിത്തു പട്വാരി ചോദിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല.
District News
നെയ്യാർഡാം: റോഡുവക്കിൽക്കണ്ട കൂറ്റൻ പെരുമ്പാമ്പിനെ പരുത്തിപ്പള്ളി ആർആർടി അംഗവും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ ജി.എസ്. റോഷ്നി പിടികൂടി.
വേങ്കവിള കരിപ്പൂരാണ് സംഭവം. റോഡിന്റെ വശം വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികളാണ് പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു.
പിടികൂടിയ പെരുന്പാമ്പിനെ വനത്തിൽ തുറന്നു വിട്ടു. ഇതുകൂടാതെ പട്ടിക്കൂട്ടിൽ കയറിക്കിടന്ന മൂർഖനെയും റോഷിനി പിടികൂടി. വേങ്കവിള ഗിരീഷിന്റെ വീട്ടിലെ പട്ടിക്കൂട്ടിലാണു മൂർഖനെ കണ്ടെത്തിയത്. തുടർന്ന് ഇവർ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: മാവൂരിൽ അനധികൃത മണല് കടത്ത് നടത്തിയ ലോറി മണല് സഹിതം പൊലീസ് പിടികൂടി. സ്റ്റേഷന് പരിധിയില് അനധികൃതമായി പുഴ മണല് വാരുന്നുണ്ടെന്ന് മാവൂര് പൊലീസ് സ്റ്റേഷന് ഇന്സ്പെക്ടര് മുഹമ്മദ് റഫീഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് പരിശോധന നടത്തുകയായിരുന്നു.
മലപ്പുറം പെരിങ്ങാവ് സ്വദേശി അഭിനവിന്റെ ഉടമസ്ഥതയിലുള്ള സബ്ന സഫീര് എന്ന ലോറിയാണ് പിടികൂടിയത്. മണല് കയറ്റിയ ടിപ്പര് ലോറി തെങ്ങിലക്കടവ് നയാര പമ്പിന് സമീപം വെച്ച് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയില് ഉണ്ടായിരുന്ന പോലീസാണ് പിടികൂടിയത്.
പോലീസിനെ കണ്ടപാടെ ലോറിയില് ഉണ്ടായിരുന്നവര് ഓടി രക്ഷപ്പെട്ടു. മാവൂര് പോലീസ് സ്റ്റേഷന് അസിസ്റ്റന്റ് സബ് ഇന്സ്പെക്ടര് സുബൈദ, സിവില് പോലീസ് ഓഫീസര് വിനീത്, ഹോം ഗാര്ഡ് വേലായുധന് എന്നിവര് ചേര്ന്ന സംഘമാണ് ലോറി കസ്റ്റഡിയില് എടുത്തത്.
Kerala
മുത്തങ്ങ: വയനാട്ടിലെ വടക്കനാട്, വള്ളുവാടി മേഖലകളിൽ ഭീതി പരത്തിയ 'മുട്ടിക്കൊമ്പൻ' എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി. ആനയുടെ തുമ്പിക്കൈയിൽ ആഴത്തിലുള്ള മുറിവുണ്ടെന്നും, ഇത് ഭേദമാകുന്നതുവരെ മുത്തങ്ങ ആന ക്യാമ്പിൽ സംരക്ഷിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. 13 ദിവസം നീണ്ടുനിന്ന ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് മുട്ടിക്കൊമ്പനെ പിടികൂടാനായത്. ഇന്ന് പുലർച്ചെ ആറുമണിയോടെ ഓനച്ചൻ കവലയിൽ വെച്ചാണ് വെറ്ററിനറി സംഘം ആനയെ മയക്കുവെടി വെച്ചത്. 87 അംഗ ദൗത്യസംഘമാണ് ഇതിനായി പ്രവർത്തിച്ചത്.
ആനയുടെ തുമ്പിക്കൈയിലെ മുറിവ് കാരണം കാട്ടിൽ നിന്ന് സ്വയം ഭക്ഷണം ശേഖരിച്ചു കഴിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യമാണ്. അതിനാൽ മുറിവുണങ്ങുന്നതുവരെ ക്യാമ്പിൽ ചികിത്സ നൽകും. ഇതിന് ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ ഉൾക്കാട്ടിലേക്ക് തുറന്നുവിടാനാണ് നിലവിലെ തീരുമാനം. കുറച്ചുകാലമായി വടക്കനാട് മേഖലയിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ ആനയായിരുന്നു മുട്ടിക്കൊമ്പൻ. കഴിഞ്ഞ ദിവസം പച്ചാടി സ്വദേശി രാജീവ് എന്ന കർഷകനെ ആന ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതോടെയാണ് ആനയെ പിടികൂടണമെന്ന ആവശ്യം ശക്തമായത്.
സോളാർ തൂക്കുവേലികളിൽ വൈദ്യുതി ഉണ്ടോ എന്ന് നോക്കാൻ ചെറിയ മരച്ചില്ലകൾ അതിലേക്ക് എറിഞ്ഞു നോക്കുന്ന സ്വഭാവം മുട്ടിക്കൊമ്പനുണ്ടായിരുന്നു. വൈദ്യുതി ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വലിയ മരങ്ങൾ തള്ളിയിട്ട് വേലി തകർക്കുന്നതായിരുന്നു രീതി. നിലവിൽ മുട്ടിക്കൊമ്പനെ മുത്തങ്ങയിലെ പ്രത്യേക കൂടിലേക്ക് മാറ്റിയിട്ടുണ്ട്. മുമ്പും അപകടകാരികളായ ആനകളെ പാർപ്പിച്ചിരുന്ന ഈ കൂട് നവീകരിച്ചാണ് മുട്ടിക്കൊമ്പനായി ഒരുക്കിയത്. ആനയുടെ ആരോഗ്യനില വനംവകുപ്പ് ഡോക്ടർമാർ നിരീക്ഷിച്ചു വരികയാണ്.
Kerala
തിരുവനന്തപുരം: മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിൽ. തിരുവനന്തപുരം കണിയാപുരത്തെ വീട്ടില് മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. സംസ്ഥാനത്തുടനീളം120 ലേറെ മോഷണക്കേസുകളില് പ്രതിയാണ് തീവെട്ടി ബാബു.
ഞായറാഴ്ച രാത്രി മോഷണത്തിനായി കണിയാപുരത്തെ ഒരു വീട്ടില്ക്കയറിയതാണ് 'തീവെട്ടി' എന്നു വട്ടപ്പേരുളള ബാബു. വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു.
നാട്ടുകാരെ കണ്ട ബാബു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അരമണിക്കൂര് നീണ്ട തെരച്ചിലിനൊടുവില് വീടിനടുത്ത് ഒളിച്ചിരുന്ന ബാബുവിനെ നാട്ടുകാര് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. മംഗലപുരം പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിനു സമീപത്തു നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഭൂതത്താൻകെട്ട് വിനോദസഞ്ചാര കേന്ദ്രത്തിലെ വാച്ച് ടവറിനു സമീപത്തുകൂടി നടന്നു വരികയായിരുന്ന വിനോദസഞ്ചാരികളുടെ മുന്നിലേക്കാണ് രാജവെമ്പാല ഇഴഞ്ഞെത്തിയത്.
സഞ്ചാരികൾ അറിയിച്ചതിനെ തുടർന്ന് അധികൃതർ പാമ്പുപിടുത്ത വിദഗ്ധൻ മാർട്ടിൻ മേയ്ക്കമാലിയെ വിവരമറിയിക്കുകയായിരുന്നു. മാർട്ടിൻ എത്തി പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി. തുടർന്ന് ഉൾവനത്തിൽ തുറന്നു വിട്ടു.
Kerala
തൃശൂർ: പുന്നയൂർക്കുളത്ത് ഭൂമിയുടെ അവകാശരേഖ ശരിയാക്കി നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ. തടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ എൻ.പി. വിനോദാണ് തൃശൂർ വിജിലൻസിന്റെ പിടിയിലായത്. അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
പുന്നയൂർക്കുളം സ്വദേശിയായ പരാതിക്കാരന് നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ വേണമായിരുന്നു. അവകാശരേഖ ശരിയാക്കി നൽകാൻ അഞ്ച് ലക്ഷം രൂപ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിനോദ് ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇക്കാര്യം സ്വന്തം മൊബൈൽ ഫോണിൽ പരാതിക്കാരൻ റിക്കോർഡ് ചെയ്തു. അഞ്ച് ലക്ഷം രൂപ കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ മൂന്ന് ലക്ഷം നൽകണമെന്നായി വില്ലേജ് ഓഫീസർ. അതും ഇല്ലെന്ന് പറഞ്ഞപ്പോൾ രണ്ടര ലക്ഷത്തിന് കാര്യം നടത്താം എന്നായി.
പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ സീറ്റിന് പുറകിലേക്ക് ഇടാനും വിനോദ് പറയുന്നുണ്ട്. ഗത്യന്തരമില്ലാതെയാണ് പരാതിക്കാരൻ തൃശൂർ വിജിലൻസിനെ സമീപിച്ചത്. രണ്ടര ലക്ഷം എന്ന് തോന്നിക്കാൻ നൂറിന്റെ നോട്ട് കെട്ടുകളാണ് വിജിലൻസിന്റെ സഹായത്തോടെ പരാതിക്കാരൻ പൊതിഞ്ഞു കൊണ്ടുപോയത്.
രണ്ടര ലക്ഷം ഉണ്ടെന്ന് പറഞ്ഞ് നോട്ട് കെട്ടുകൾ കൈമാറുകയായിരുന്നു. തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയും ചെയ്തു.
Kerala
മലപ്പുറം: കാട്ടുമുണ്ടയിൽ മോഷ്ടിച്ച സ്കൂട്ടറിലെത്തി യുവതിയുടെ മാല കവര്ന്ന മോഷ്ടാവിനെ നാട്ടുകാര് പിടികൂടി പോലീസിന് കൈമാറി. കാട്ടുമുണ്ടപറമ്പന് നജ്മലിനെയാണ് കൈമാറിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം.
കാട്ടുമുണ്ട മോലിപ്പടിയിലെ കടയില് ജീവനക്കാരിയായ ബിന്ദുവിന്റെ മൂന്നേകാല് പവന്റെ മാലയാണ് പ്രതി പൊട്ടിച്ച് കടന്നുകളയാന് ശ്രമിച്ചത്. കടയില് ബിന്ദു മാത്രമാണ് ഉണ്ടായിരുന്നത്. സാധനങ്ങള് ചോദിച്ച് വാങ്ങുന്നതിനിടയില് പെട്ടെന്നാണ് മാല പൊട്ടിച്ചത്. ബിന്ദു ഒച്ച വച്ചതോടെ സമീപത്തുണ്ടായിരുന്ന കടക്കാരനുള്പ്പെടെ ഓടിയെത്തി മാല പിടിച്ചുവാങ്ങി പൊലീസിനെ വിളിച്ചു വരുത്തി പ്രതിയെ കൈമാറുകയായിരുന്നു.
ഇയാള് ഓടിച്ചിരുന്ന സ്കൂട്ടര് മൂന്ന് ദിവസം മുമ്പ് നടക്കാവ് ഭാഗ ത്തുനിന്ന് മോഷ്ടിച്ചതാണെന്നും പോലീസ് പറഞ്ഞു. വാഹന ഉടമ നടക്കാവ് സ്റ്റേഷനില് വണ്ടി നഷ്ടപ്പെട്ടതായി കാണിച്ച് പരാതി നല്കിയിട്ടുണ്ട്. ബിന്ദുവിന്റെ പരാതിയില് നിലമ്പൂര് പോലീസ് കേസെടുത്തു.
National
ന്യൂഡൽഹി: ഓണ്ലൈൻ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അടക്കം നൂറു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര സൈബർ ക്രൈം സംഘം ഡൽഹിയിൽ പോലീസ് പിടിയിലായി.
ഭീകരവിരുദ്ധ നിയമപാലകരായി വേഷം മാറി ഇന്ത്യക്കാരിൽനിന്നു കോടികൾ വെട്ടിച്ച സംഘത്തിന്റെ ഓപ്പറേഷൻ ഏകോപിപ്പിച്ച തായ്വാൻ പൗരനടക്കം ഏഴു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
കേരളവും തമിഴ്നാടും ഉൾപ്പെടെ തട്ടിപ്പ് നടത്തിയ സംഘത്തിൽനിന്നു വിദേശ സിം കാർഡുകൾ അടക്കം 120 മൊബൈൽ സിം കാർഡുകൾ, 22 സിം ബോക്സ് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, റൂട്ടറുകൾ, സിസിടിവി കാമറകൾ, പാസ്പോർട്ടുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. 5,000ത്തിലധികം കോംപൈൽഡ് ഐഎംഇഐ നന്പറുകളും 20,000 സിം കാർഡുകളും തട്ടിപ്പിനുള്ള മൊഡ്യൂളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തായ്വാൻ, ചൈന, നേപ്പാൾ, കംബോഡിയ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ സംഘത്തിനു ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.
തട്ടിപ്പ് സിൻഡിക്കറ്റിന്റെ പ്രധാന സാങ്കേതിക ഓപ്പറേറ്ററായ തായ്വാൻ പൗരനായ ഐ സുംഗ് ചെന്നിനെ (30) പിടികൂടിയതോടെയാണ് അന്താരാഷ്ട്ര തട്ടിപ്പുസംഘത്തിന്റെ ചുരുളുകളഴിഞ്ഞത്. ഡിസംബർ 21ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലെ ഗോയ്ല ഡയറിയിൽ ആദ്യ ഫിസിക്കൽ സിം ബോക്സ് സജ്ജീകരണം കണ്ടെത്തി.
ഡൽഹിയിലെ ഒന്നിലധികം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിൽ പ്രാദേശിക ഓപ്പറേറ്റർമാരായ ശശി പ്രസാദ് (53), പർവീന്ദർ സിംഗ് (38) എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഉപകരണങ്ങൾ സൂക്ഷിക്കാൻ ശശി പ്രസാദ് മുറി വാടകയ്ക്കെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണു പർമീന്ദർ സിംഗിലേക്ക് പോലീസ് എത്തിയത്. ശശി, പർമിന്ദർ, ചെൻ എന്നിവരെ കൂടാതെ, സിവിൽ എൻജിനിയറിംഗ് ഡിപ്ലോമയുള്ള സരബ്ജിത് സിംഗ്, ജസ്പ്രീത് കൗർ, ദിനേശ്, അബ്ദുൾ സലാഹ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്നുള്ള റെയ്ഡുകളിൽ മുംബൈ, മൊഹാലി, കോയന്പത്തൂർ എന്നിവിടങ്ങളിലെ സിം ബോക്സ് മൊഡ്യൂളുകൾ തകർത്തു.
ഡൽഹിയിലെ നിഹാൽ വിഹാറിൽനിന്നും നരേലയിൽനിന്നും സമാന ഉപകരണങ്ങൾ തമിഴ്നാട് പോലീസ് കണ്ടെടുത്തിരുന്നു. ഒന്നിലധികം ഫിസിക്കൽ സിമ്മുകളോ ഇ-സിമ്മുകളോ വിദൂരമായി പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്ന ഒരു ഉപകരണമാണ് സിം ബോക്സ്, സൈബർ തട്ടിപ്പിന്റെ പ്രാരംഭഘട്ടങ്ങളിൽ കോളുകളുടെ ഉത്ഭവം മറയ്ക്കാൻ ഇതു സാധാരണയായി ഉപയോഗിക്കുന്നു. പ്രതികളിൽ പലരും മുന്പ് കംബോഡിയ ആസ്ഥാനമായുള്ള അഴിമതികേന്ദ്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്നും പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഹാൻഡ്ലർ റിക്രൂട്ട് ചെയ്ത് ധനസഹായം നൽകിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നേപ്പാൾ ആസ്ഥാനമായുള്ള ഒരു വിഭാഗം വിദൂരനിയന്ത്രിത പ്രവർത്തനങ്ങൾ നടത്തിയതായും സംശയിക്കുന്നു. ഡിജിറ്റൽ അറസ്റ്റ് ഇല്ലെന്നും തട്ടിപ്പാണെന്നും മനസിലാക്കാതെയാണ് ഇരകളിൽ പലരും തട്ടിപ്പുകാർക്ക് വൻ തുക കൈമാറിയത്. തീവ്രവാദ വിരുദ്ധ സ് ക്വാഡിലെയും മറ്റു സുരക്ഷാ ഏജൻസികളിലെയും ഉദ്യോഗസ്ഥർ ചമഞ്ഞാണു തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വിശദീകരിച്ചു.
പഹൽഗാം ആക്രമണം, ഡൽഹി സ്ഫോടനങ്ങൾ തുടങ്ങിയ ഭീകരാക്രണങ്ങളുമായി ബന്ധമുണ്ടെന്ന് വ്യാജമായി ആരോപിച്ചായിരുന്നു നിരപരാധികളെ കുടുക്കിയത്. ഇരകൾക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും പറഞ്ഞിരുന്നു. പലരെയും ഇല്ലാത്ത ഡിജിറ്റൽ അറസ്റ്റിലാക്കി. പണം കൈമാറിയാൽ വിട്ടയയ്ക്കാമെന്ന ഓഫറിൽ പലരും വൻതുക പലപ്പോഴായി കൈമാറിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ്) വിനീത് കുമാർ പറഞ്ഞു.
അനധികൃത സിം ബോക്സ് ഇൻസ്റ്റലേഷനുകൾ ഉപയോഗിച്ച് വിദേശത്തുനിന്നു നടത്തിയ കോളുകളെ ആഭ്യന്തര ഇന്ത്യൻ നന്പറുകളായി ദൃശ്യമാകുന്ന തരത്തിലായിരുന്നു തട്ടിപ്പ്. ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നന്പറുകൾ ഓവർറൈറ്റ് ചെയ്ത്തിരിക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ വഴികൾ, ക്രിപ്റ്റോ കറൻസി ഇടപാടുകൾ എന്നിവയടക്കം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണ്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഐടി, ടെലികമ്യൂണിക്കേഷൻസ് നിയമങ്ങൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
NRI
കുവൈറ്റ് സിറ്റി: സൈബർ സെല്ലിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന പൊതുജനങ്ങളെ കബളിപ്പിക്കാനും വ്യക്തിവിവരങ്ങൾ ചോർത്താനുമുള്ള ശ്രമങ്ങൾ വർധിച്ചു വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
കുവൈറ്റ് പോലീസിലെ സൈബർ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന അഹമ്മദ് അബ്ദുള്ള അൽ-അൻസി എന്ന ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് ഇയാൾ താമസക്കാരെ സമീപിച്ചത്. സിവിൽ ഐഡി വിവരങ്ങൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകൾ കൈക്കലാക്കുന്നതിനൊപ്പം ജനങ്ങളുടെ ചിത്രങ്ങൾ പകർത്താനും ഇയാൾ ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ.
ഔദ്യോഗിക നടപടിക്രമങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത സാധാരണക്കാരെ ഭയപ്പെടുത്തിയും അധികാരഭാവത്തിൽ സംസാരിച്ചുമാണ് ഇയാൾ തട്ടിപ്പിന് മുതിർന്നത്. കുവൈറ്റ് പോലീസിന്റെ ഔദ്യോഗിക രീതികളെക്കുറിച്ചുള്ള അറിവില്ലായ്മ മുതലെടുത്ത് ജനങ്ങളെ കെണിയിൽ വീഴ്ത്താനായിരുന്നു ഇയാളുടെ നീക്കം.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയവും സൈബർ സുരക്ഷാ വിദഗ്ധരും കർശനമായ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു കഴിഞ്ഞു. കുവൈറ്റ് പോലീസ് ഒരിക്കലും ഫോൺ കോളുകൾ വഴിയോ വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങൾ വഴിയോ വ്യക്തിഗത വിവരങ്ങളോ ഔദ്യോഗിക രേഖകളോ ഫോട്ടോകളോ ആവശ്യപ്പെടാറില്ലെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.
ഇത്തരത്തിൽ പോലീസിന്റെ പേരിൽ വരുന്ന അനാവശ്യ സന്ദേശങ്ങളും കോളുകളും തട്ടിപ്പിന്റെ ഭാഗമാണെന്ന് ജനങ്ങൾ തിരിച്ചറിയണം. മന്ത്രാലയത്തിൽ നിന്നുള്ള എല്ലാവിധ ഔദ്യോഗിക അറിയിപ്പുകളും സമൻസുകളും മറ്റ് ആശയവിനിമയങ്ങളും "സാഹൽ' എന്ന ഗവൺമെന്റ് ആപ്പ് വഴി മാത്രമാണ് ലഭ്യമാകുക.
ഇതുകൂടാതെ നേരിട്ടുള്ള ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ പോലീസ് ജനങ്ങളുമായി ബന്ധപ്പെടുകയുള്ളൂ എന്നും അധിതൃതര് അറിയിച്ചു.
Kerala
കണ്ണൂർ: തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്സിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമായെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. 50 കടകൾ കത്തിനശിച്ചെന്നും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുമായി 15 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന് കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ അറിയിച്ചു.
കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന് പരിശോധിക്കും. രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി. 100 ഓളം കടകൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ കോടികളുടെ നഷ്ടം സംഭവിച്ചെന്നും അധികൃതർ പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച ഉടൻ തന്നെ കടകളിലുണ്ടായവരെയും ജീവനക്കാരെയും ഒഴിപ്പിക്കാനായതിനാൽ ആളപായമുണ്ടായില്ല. സംഭവം നടന്ന് 15 മിനിറ്റിനുള്ളിൽ തന്നെ തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് എത്തിയെങ്കിലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ യൂണിറ്റുകളിലെ വെള്ളം തീർന്നതും തിരിച്ചടിയായി. തുടർന്ന് കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ ഫയർ യൂണിറ്റുകൾ എത്തി. ടാങ്കർ ലോറികളിലും മറ്റും വെള്ളമെത്തിച്ച് ഫയർ എൻജിനുകളിലേക്ക് വെള്ളം നിറച്ചാണ് വീണ്ടും തീയണയ്ക്കൽ തുടർന്നതെന്ന് ജില്ലാ ഫയർഫോഴ്സ് മേധാവി അരുൺ ഭാസ്ക്കർ പറഞ്ഞു.
Kerala
ആലുവ: ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് സമീപം തിമിംഗല ഛർദി വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.
ചങ്ങനാശേരി സ്വദേശികളായ നാലു പേരാണ് കോടനാട് ഡിവിഷൻ വനം വകുപ്പിന്റെ പിടിയിലായത്.
പ്രതികളെ വനം വകുപ്പ് വിശദമായി ചോദ്യം ചെയ്യുകയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Kerala
കൊച്ചി: ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസിൽ രണ്ട് വിദ്യാർഥികളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 25ന് ഇടപ്പള്ളി - കളമശേരി റെയില്വേ സ്റ്റേഷനുകള്ക്കിടയിൽ നടന്ന സംഭവത്തിൽ അറസ്റ്റിലായ പ്ലസ് ടു വിദ്യാർഥികളെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുൻപാകെ ഹാജരാക്കി.
15 ദിവസത്തേക്ക് ഇവരെ കാക്കനാട് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. കല്ലേറിൽ നെടുമങ്ങാട് സ്വദേശിയായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ രഞ്ജിത്തിനു പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
വിദ്യാർഥികൾ നിരവധി തവണ കല്ലെറിയുന്നതായി ദൃശ്യങ്ങളിലുണ്ട്. തമാശയ്ക്കാണ് തങ്ങൾ കല്ലെറിഞ്ഞതെന്ന് ഇവർ മൊഴി നൽകി.
National
തൃശൂർ: തമിഴ്നാട് വാൽപ്പാറയിൽ നാലുവയസുകാരിയെ ഭക്ഷിച്ച നരഭോജി പുലി കെണിയിൽ കുടുങ്ങി. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന പച്ചമല എസ്റ്റേറ്റിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്നിയെ കഴിഞ്ഞ ജൂൺ 20നാണ് പുലി പിടിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു പുലിയുടെ ആക്രമണം. പിന്നീട് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.